ഓരോ നാടകപ്രവർത്തകന്റെയും ആത്മാവിഷ്കാരത്തിനുള്ള ഉപാധിയാണ് നാടകം. വേദിയും ശബ്ദവും വെളിച്ചവും ചമയവും എല്ലാം ഈ ആത്മാവിഷ്കാരത്തിന്റെ അകമ്പടി മാത്രമാണു. ഇന്നാകട്ടെ ഈ അകമ്പടിസംവിധാനങ്ങളാണ് ഒരു നാടകത്തിന്റെ മികവിന്റെ അളവുകോലായി മാറിയിരിക്കുന്നത്. നാടകകാരനായിരിക്കുന്നു അകമ്പടി! ഇതിന്റെ സ്വാഭാവിക ഫലമെന്നോണം നാടകത്തിന്റെ ആവിഷ്കാര ചിലവ് ഗണ്യമായി വർദ്ധിച്ചിരിക്കുന്നു. നാടകം സാധാരണക്കാരന്റെ കലാരൂപമല്ലാതെയാകുന്നു. വ്യക്തികളുടെയും അമച്വർ വേദികളുടെയും പ്രാപ്തിക്കനുസരിച്ചും അതേ സമയം ജനങ്ങൾക്ക് ആകർഷണീയമാം വിധം നാടകം നടത്തേണ്ട പുതിയ തന്ത്രങ്ങളും സങ്കേതങ്ങളും ആവിഷ്കരിച്ചെങ്കിൽ മാത്രമേ നാടകങ്ങളുടെ ജനകീയത നിലനിർത്താൻ സാധിക്കുകയുള്ളൂ. അതിനു ബോധപൂർവ്വമായ ഇടപെടലുകൾ ഉണ്ടാകണം.

നാടകകാരൻ കേന്ദ്രസ്ഥാനം അലങ്കരിക്കുന്ന അടിസ്ഥാന നാടക രൂപങ്ങളാണ് തെരുവു നാടകങ്ങൾ. അവ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നു. ആത്മപ്രചോദിതത്വം, സ്വാഭാവികത, പങ്കാളിത്തം എന്നിവ തെരുവു നാടകങ്ങളുടെ മുഖമുദ്രയാണു.

നാടകങ്ങൾക്ക് ജനകീയത തിരിച്ചുവരണമെങ്കിൽ തെരുവ് നാടകങ്ങൾ വീണ്ടും സജീവമാകേണ്ടതുണ്ട്. അതിനു ബോധപൂർവ്വമായ ഇടപെടലുകൾ സമൂഹത്തിൽ ഉണ്ടാകണം. അത്തരത്തിൽ ഉള്ള ഒരു ഇടപെടലാണ്  ‘തെരുവരങ്ങ് ‘.

മനുഷ്യ ജീവിതത്തിന്റെ ആവിഷ്ക്കാരമാണ് തെരുവിലെ അരങ്ങ്. അരികുവൽക്കരിക്കപ്പെടുന്ന ജീവിതങ്ങൾ, പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും നേർചിത്രങ്ങൾ, തൊഴിലിൽ നിന്നും പറിച്ചെറിയപ്പെടുന്നവരുടെ പ്രതിസന്ധികൾ, പീഡനത്തിനിരയാകുന്നവരുടെ വിലാപങ്ങൾ, നീതി നിഷേധിക്കപ്പെടുന്നവരുടെ നിശ്വാസങ്ങൾ, അടിച്ചമർത്തപ്പെടുന്നവരുടെ നിശ്ശബ്ദ രോദനങ്ങൾ, മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള ഹിംസയുടെ മുഖം, വിമോചനത്തിനായുള്ള പോരാട്ടങ്ങൾ, ഒക്കെയും തെരുവിൽ നിറയുന്നു. മതവും ഭാഷയും വംശവും വർണ്ണവും ഇന്ന് ലോകമെങ്ങും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അടയാളങ്ങളാണ്. തൊഴിലെടുക്കുന്നവരുടെ ജീവസന്ധാരണ വഴികൾ അടയുകയും ഏതാനും സമ്പന്നർ അതിസമ്പന്നരാവുകയും ചെയ്യുമ്പോൾ ഉയർന്നു വരുന്ന ജനരോഷത്തെ നേരിടാൻ ഭരണകൂടങ്ങൾ ഈ അടയാളങ്ങളെ ആശ്രയിക്കുന്നു. ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു സംസ്കാരം, ഒരു തിരഞ്ഞെടുപ്പ്, ഒരു ഭരണം തുടങ്ങിയ സൂക്തങ്ങൾ ഈ അടയാളങ്ങളിൽ നിന്നുയരുന്നവയാണ്. വൈവിധ്യങ്ങളെ തകർത്തെറിഞ്ഞ് ഏകത്വം അടിച്ചേൽപിക്കാനുളള ഭൂരിപക്ഷ യുക്തിയും സമ്പത്തിന്റെ അവകാശികൾ മൂലധന ഉടമകളാണെന്ന ന്യൂനപക്ഷ യുക്തിയും ചോദ്യം ചെയ്യപ്പെടുന്ന അരങ്ങ്, തെരുവ് തന്നെയാണ്. അതു തന്നെയാണ് തെരുവരങ്ങിന്റെ രാഷ്ട്രീയവും.